കഥ എഴുതാൻ വേണ്ടിയാണു ഞാൻ ഈ ബ്ലോഗ് തുടങ്ങിയത്. കഥകൾ ആലോചിച്ചു മേലോട്ട് നോക്കിയിരുന്നിട്ട് ഒരു ഉണ്ടയും (സോറി, ഉണ്ട എന്ന വാക്ക് പഴയതു പോലെ ഇപ്പോൾ ഉപയോഗിക്കാൻ പറ്റില്ല. ഉണ്ട പഴയ ഉണ്ടയല്ല) ഇത് വരെ നടന്നിട്ടില്ല. മാനത്തേക്ക് നോക്കുന്നതിനു പകരം ഭൂമിയിലേക്ക് നോക്കിയപ്പോളുള്ള രണ്ടു അനുഭവങ്ങളെകുറിച്ചാണ് ഈ എഴുതുന്നത്. അടുത്തടുത്ത ദിവസങ്ങളിൽ ഉണ്ടായ രണ്ട് അനുഭവങ്ങളാണ് എന്നെ ഇത് എഴുതാൻ പ്രേരിപ്പിച്ചത്.
ഞാൻ ജോലി ചെയ്യുന്നത് മൈസൂരിലാണ്. ഒരു ദിവസം രാത്രി ഭക്ഷണം കഴിക്കാനായി അടുത്തുള്ള ഒരു ഹോട്ടലിലേക്ക് പോകുകയായിരുന്നു ഞാനും എൻ്റെ സുഹൃത്തും. പോകുന്ന വഴിക്കു ഹോട്ടലിനു മുന്നേയായി ഓഫീസിലുള്ള മറ്റൊരു സുഹൃത്തിനെ കണ്ടുമുട്ടി. അവൻ അവിടെ നിന്ന് കഴിച്ചിട്ട് ഇറങ്ങുകയായിരുന്നു. ഞങ്ങൾ ഓരോ കുശലം പറഞ്ഞുകൊണ്ട് അവിടെ നിന്നു. അപ്പോഴാണ് ഒരു ഏഴു എട്ട് വയസ്സോളം പ്രായമുള്ള ഒരു കുട്ടി ഞങ്ങളുടെ അടുത്ത് വന്നത്. അവന്റെ കയ്യിൽ ഒരു കൂടയുണ്ടായിരുന്നു. അതിൽ നിറയെ റോസാപൂക്കളും. റോസാപ്പൂക്കൾ വിൽക്കുകയാണ് അവൻ ചെയ്യുന്നത്. അവൻ ഞങ്ങളുടെ അടുത്ത് വന്നു ചേട്ടാ ചേട്ടാ എന്ന് വിളിച്ചുകൊണ്ടിരുന്നു .
"ഹോ മലയാളിയാണല്ലേ എന്നൊരു നിശ്വാസത്തോടു കൂടി ഞാൻ അവനെ ഗൗനിക്കാതിരുന്നു. കൂട്ടത്തിൽ ഞാൻ മാത്രമേ മലയാളിയായിട്ടുള്ളു. ചേട്ടാ ചേട്ടാ എന്നുള്ള വിളി കേട്ടിട്ട് എൻ്റെ സുഹൃത്ത് "അയാം നോട് ചേട്ടാ , ഹി ഈസ് ചേട്ടാ ", എന്ന് എന്നെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു. "പ്ലീസ് ചേട്ടാ, വാങ്ങു ചേട്ടാ" അങ്ങനെ എന്തൊക്കെയോ അവൻ പറയുന്നുണ്ടായിരുന്നു. ഞങ്ങൾക്ക് ഒരുപകരവുമില്ലാത്ത സാധനമാണ് അവൻ്റെ കയ്യിലുള്ളത്. വാങ്ങിയിട്ട് പ്രത്യേകിച്ചു കാര്യമൊന്നുമില്ല. ആ ഒരു ചിന്തയിൽ ഞാൻ അങ്ങനെ നിൽക്കുകയാണ്. അപ്പോഴാണ് എന്റെ സുഹൃത്ത് അവൻ്റെ നേരെ ഒരു നോട്ടു നീട്ടിയത്. അത് എത്രയാണെന്ന് ഞാൻ കണ്ടില്ല. അപ്പോഴാണ് ആ കുട്ടി എന്നെ ഞെട്ടിച്ചത്.
"ഐ ഡോണ്ട് വാണ്ട് . അയാം നോട് ബെഗ്ഗിങ്" , എന്ന് അവൻ പറഞ്ഞു. എന്നെ സംബന്ധിച്ചു അത് വളരെ അപ്രതീക്ഷിതമായിരുന്നു. എൻ്റെ സുഹൃത്ത് റോസ് വാങ്ങാൻ വേണ്ടി പൈസ നീട്ടിയതാണോ അതോ സഹതാപം തോന്നി വെറുതേ പൈസ നീട്ടിയതാണോ എന്ന് എനിക്കിപ്പോഴും അറിയില്ല. പക്ഷെ അവൻ ഉടനെ കുട്ടിയോട് പറഞ്ഞു "നോ, ഐ വിൽ ബയ് ഇറ്റ്." ഇരുപതു രൂപയാണ് ഒരു പിടി റോസിന്. എൻ്റെ കയ്യിൽ ഒരു ഇരുപതിന്റെ നോട്ടുണ്ടായിരുന്നു. അത് ഞാൻ അവന് കൊടുത്തിട്ട് ഒരു പിടി റോസ് വാങ്ങി.. അതും ആ സുഹൃത്തിനു നൽകി. അവന് പൈസ കൊടുത്തു സുഹൃത്ത് അവൻ്റെ റൂമിലേക്കും പോയി ഞങ്ങൾ കഴിക്കാൻ ഹോട്ടലിലേക്കും കയറി. കഴിക്കാൻ കയറിയിരുന്നിട്ടും എന്തോ എനിക്ക് ആ കുട്ടിയെ കുറിച്ചായിരുന്നു ചിന്ത. അവൻ പുറത്തു തന്നെയുണ്ടാകുമോ എന്ന് ഞാൻ ആലോചിച്ചു. കഴിക്കാനുള്ള ഫുഡ് ഓർഡർ ചെയ്തിട്ട് സുഹൃത്തിനോട് ഇപ്പൊ വരാമെന്നു പറഞ്ഞു ഞാൻ പുറത്തിറങ്ങി. നോക്കുമ്പോൾ, അവനിപ്പോഴും അവിടെ തന്നെയുണ്ട്, തൻ്റെ കച്ചവടവുമായി. ഞാൻ അവൻ്റെ അടുത്ത് പോയി.
"നിൻറ്റെ വീടെവിടെയാ?" ഞാൻ ചോദിച്ചു.
"സൂര്യ ബേക്കറിയുടെ അടുത്താണ് "
"അച്ഛൻ എന്താ ചെയ്യുന്നത് ?"
അച്ഛൻ സത്തു പോയി" തമിഴ് കലർന്ന മലയാളത്തിൽ അവൻ പറഞ്ഞു.
"'അമ്മ?"
"'അമ്മ-ക്ലീനിങ്"
അല്പം കണ്ണിൽ ചോരയുള്ള ഏതൊരു മലയാളിയെയും പോലെ, അല്ല ഏതൊരു മനുഷ്യനെയും പോലെ എനിക്ക് അവനോടു വല്ലാത്ത പാവം തോന്നി. രാത്രി പത്തു മണിയോളം ആവാനായി. എനിക്ക് ഒരു പിടി റോസ് കൂടി വാങ്ങി അവനെ ചെറിയ രീതിയിലെങ്കിലും സഹായിക്കണമെന്ന് തോന്നി. ഞാൻ പേഴ്സ് നോക്കി. ഇരുന്നൂറിന്റെ ഒരു നോട്ട് മാത്രമേയുള്ളൂ.
"എനിക്ക് ഇരുപതു രൂപയ്ക്കു പൂവ് വേണം . പക്ഷെ എൻ്റെ കയ്യിൽ ഇരുന്നൂറു രൂപയെ ഉള്ളല്ലോടാ "- ഞാൻ പറഞ്ഞു
"അത് അവടെ നിന്നു മാറി തരാം ", ഹോട്ടലിലേക്കു ചൂണ്ടി അവൻ പറഞ്ഞു.
"ശരി" എന്ന് പറഞ്ഞു ഞാൻ അവന് ഇരുന്നൂറു കൊടുത്തു. അവൻ ആ ഇരുന്നൂറു ഹോട്ടലിൽ കൊടുത്തു ചേഞ്ച് ആക്കി നൂറ്റിയെൺപത് എനിക്ക് തന്നു, കൂടെ ഒരു പിടി പൂക്കളും. ഞാൻ ഹോട്ടലിലേക്കു പോയി, അവൻ പുറത്തെ ഇരുട്ടിലേക്കും.
ഒരു വലിയ സംഭവമായിട്ടു പറയാനുള്ള അനുഭവമൊന്നുമല്ല ഇതെന്ന് പലരും ചിന്തിക്കുന്നുണ്ടാവുമെന്നു എനിക്കറിയാം. ശരിയാണ്, പലപ്പോഴും നമ്മടെ ജീവിതത്തിലുണ്ടാകുന്ന സാധാരണമായ ഒരു സാഹചര്യത്തിലൂടെ മാത്രമേ ഞാനും കടന്നു പോയിട്ടുള്ളൂ. പക്ഷേ, ഇത്രയും ദിവസം കഴിഞ്ഞിട്ടും ഞാൻ അവനെ ഓർക്കുന്നുണ്ട്, അല്ലേൽ എനിക്ക് മറക്കാൻ കഴിഞ്ഞിട്ടില്ല. അവനോടു സ്കൂളിൽ പോകുന്നുണ്ടോന്നു ചോദിയ്ക്കാൻ പോലും ഞാൻ അന്ന് മറന്നു .
എന്നാലും "അയാം നോട് ബെഗ്ഗിങ്" എന്ന അവൻ്റെ മറുപടി എന്നെ വല്ലാതെ സ്പർശിച്ചു. ആ പണം വെറുതേ വാങ്ങിയെന്നു വിചാരിച്ച് അവന് ഒന്നും വരാനില്ല. അവൻ ഞങ്ങളെ ഇനി കാണുക പോലുമില്ല. എന്നിട്ടും അവൻ അത് ചെയ്തില്ല.
ഒരു പക്ഷേ അവൻ്റെ 'അമ്മ അവനോടു പറഞ്ഞിട്ടുണ്ടാകാം ആരോടും ഒന്നും തന്നെ വെറുതേ വാങ്ങരുതെന്ന്. അല്ലെങ്കിൽ അവന് തന്നെ സ്വയമുള്ള ആത്മാഭിമാനത്തിന്റെ ഉറച്ച മറുപടിയായിരുന്നിരിക്കാം അത്. എന്ത് തന്നെയായാലും ഒരേ സമയം അഭിമാനവും വിഷമവും തോന്നിയ ഒരു നിമിഷമായിരുന്നു അത്.
തൊട്ടടുത്ത ദിവസമുണ്ടായ മറ്റൊരു സംഭവമാണ്.
ശനിയും ഞായറും അവധിയായതിനാൽ ഞാൻ കോഴിക്കോട്ടേക്ക് പോകാനിരിക്കുകയാണ്. രാത്രി വണ്ടിയാണ്. ഒരു കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ. തിരക്കായിരിക്കുമെന്നു അറിയാവുന്നതുകൊണ്ട് ഞാൻ റിസേർവ് ചെയ്തിട്ടുണ്ട്. ഞാൻ ബസ്സിൽ കയറി. ബസ് എടുക്കാൻ അഞ്ചു പത്തു മിനുട്ടു കൂടിയുണ്ട്. നല്ല തിരക്കുണ്ട്. എൻ്റെ എതിർവശത്തായിട്ടു ഒരു അറുപതു വയസിനു മുകളിൽ പ്രായം തോന്നിക്കുന്ന ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു.
കണ്ടക്ടർ അയാളോട് എന്തൊക്കെയോ പറയുന്നുണ്ട് , ഇത് റിസേർവ്ഡ് ആണെന്നോ മറ്റോ. പത്തു മുപ്പതു വയസ്സു പ്രായമുള്ള രണ്ടു ചെറുപ്പക്കാർ ബസ്സിൽ കയറി. അവരിൽ ഒരാളുടെ സീറ്റിലാണ് ഇദ്ദേഹം ഇരിക്കുന്നത്. ചെറുപ്പക്കാരിൽ ഒരാൾ തൻ്റെ സീറ്റിൽ കയറിയിരുന്നു. മറ്റേ ആൾ അവിടെ നിന്നു . അപ്പോൾ കണ്ടക്ടറും അവിടെ വന്നു.
"ഇത് ഇയാളുടെ സീറ്റ് ആണ് ", ചെറുപ്പക്കാരനെ ചൂണ്ടി കണ്ടക്ടർ വൃദ്ധനോട് പറഞ്ഞു. അയാൾ എഴുന്നേൽക്കാൻ തുനിഞ്ഞു. പക്ഷേ ഈ ചെറുപ്പക്കാരൻ പറഞ്ഞു "അല്ല കുഴപ്പമില്ല ,ഇക്കാക്ക ഒന്ന് ഉറങ്ങിക്കോട്ടെ. ഒന്ന് ഉറങ്ങി എഴുന്നേറ്റിട്ടു ഞാൻ ഇരിക്കാം ".
അത് കേട്ട് അയാൾ വേണ്ട എന്നൊക്കെ പറയുന്നുണ്ട്. പക്ഷേ ഈ ചെറുപ്പക്കാരൻ കുഴപ്പമില്ല എന്നൊക്കെ പറഞ്ഞപ്പോൾ ഇയാൾ ഇരുന്നു.
നിനക്കെന്താടാ പ്രാന്താണോ എന്ന ഭാവത്തിലാണ് ഇയാളുടെ സുഹൃത്ത് ഇയാളെ നോക്കി കൊണ്ടിരുന്നത്.
"അഞ്ചു മിനിട്ട് നിൽക്കാൻ പറ്റാത്തവനാ"- അങ്ങനെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു സുഹൃത്ത്.
അപ്പോഴും ആ ചെറുപ്പക്കാരൻ പറയുന്നുണ്ടായിരുന്നു "അല്ല ഇക്കാക്ക ഒന്ന് ഉറങ്ങിക്കോട്ടെ കുറച്ചു നേരം. എന്നിട്ടു ഇരിക്കാം."
"കണ്ടാൽ മതി"എന്ന ഭാവത്തിൽ സുഹൃത്ത് തലയാട്ടി.
ചെറുപ്പക്കാർ രണ്ടു പേരും മാനന്തവാടിയിൽ ഇറങ്ങുന്നവരാണ്. വൃദ്ധൻ കോഴിക്കോട്ടേക്കാണെന്നു തോന്നുന്നു.
യാത്ര തുടങ്ങി. ഇവർ പരസ്പരം സംസാരിച്ചുകൊണ്ടിരിക്കുകയാണ്. പോകുന്ന വഴികളെക്കുറിച്ചും യാത്രയെക്കുറിച്ചും, അങ്ങനെ എന്തൊക്കെയോ. ആ വയസ്സായ മനുഷ്യനെ കംഫോര്ട്ടബിള് ആക്കാനാണ് ഈ ചെറുപ്പക്കാരൻ ഓരോന്നും പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന് എനിക്ക് തോന്നി. കുറച്ചു കഴിഞ്ഞു എപ്പഴോ ഞാൻ ഉറങ്ങി. ഇടയ്ക്കിടക്ക് ഉറക്കം എഴുന്നേറ്റ് നോക്കുമ്പോഴെല്ലാം ഈ ചെറുപ്പക്കാരൻ നിൽക്കുക തന്നെയാണ്. ഏകദേശം നാലു മണിക്കൂറിനു മേലെ സമയം എടുത്തിട്ടുണ്ടാകും മാനന്തവാടിയിൽ എത്താൻ. അത്രയും നേരം അയാൾ നിന്നും ബസ്സിലെ തറയിൽ ഇരുന്നും കഴിച്ചു കൂട്ടി . അയാൾ ആ വൃദ്ധനോട് എഴുന്നേൽകാനേ പറഞ്ഞില്ല . ബസ് മാനന്തവാടിയിൽ എത്തിയപ്പോൾ അവർ രണ്ടു പേരും വൃദ്ധനോട് യാത്ര ചോദിച്ചു ഇറങ്ങുകയും ചെയ്തു.
ഒരു സീറ്റ് ഒഴിഞ്ഞു കൊടുത്തതാണോ ഇത്ര വല്യ കാര്യം എന്ന് പലരും ചിന്തിയ്ക്കുന്നുണ്ടാകും. ഒരു പത്തു മിനിറ്റു ദൂരത്തേക്കാണെങ്കിലും മറ്റൊരാൾക്കു സീറ്റ് കൊടുക്കാൻ മടിച്ചു ഉറക്കം നടിക്കുന്നവരാണ് നമ്മളിൽ പലരും. ആ യാത്രയിൽ മൊത്തം താൻ റിസേർവ് ചെയ്ത സീറ്റ് മറ്റൊരാൾക്കു കൊടുക്കേണ്ട ആവശ്യം ആ ചെറുപ്പക്കാരനില്ലായിരുന്നു. അതിനു മാത്രമുള്ള ഒരു അവശത ആ വൃദ്ധന് ഇല്ലായിരുന്നു താനും. എന്നിട്ടും തൻ്റെ സീറ്റ് മറ്റൊരാൾക്കു കൊടുത്തു അയാൾ ആ യാത്രയിൽ മൊത്തം നിന്നു. അയാളുടെ സുഹൃത്ത് വരെ ഞെട്ടി പോയിട്ടുണ്ടാകും. എവിടെയൊക്കെയോ മറ്റുള്ളവരോടുള്ള ഒരു കരുതലിനെക്കുറിച്ചുള്ള ഒരു ഓർമപ്പെടുത്തലാണ് ആ ചെറുപ്പക്കാരൻ എനിക്ക് തന്നത്. മറ്റെന്തിനേക്കാളും ആ ഒരു കരുതൽ ആ ചെറുപ്പക്കാരന് നൽകിയത് ഒരു സംതൃപ്തി ആയിരിക്കാം. ഇത് ഒരു ചെറിയ സംഭവമായിട്ടു എനിക്ക് തോന്നിയിട്ടില്ല. അങ്ങനെ തോന്നുന്നവരുണ്ടെങ്കിൽ തന്നെ ചെറിയ ചെറിയ കാര്യങ്ങളിലൂടെ തന്നെ മറ്റുള്ളവരുടെ ജീവിതത്തെ വലിയ രീതിയിൽ സ്പർശിക്കാൻ കഴിയുമെന്ന ഒരു ഓർമപ്പെടുത്തലാണ് ഇത്.