Launchorasince 2014
← Stories

തണുപ്പ്

പ്രളയാന്ത്യത്തിൽ കരിഞ്ഞു തീരേണ്ട തീഗോളം ജ്വലിച്ചുനിന്നു;

പണ്ടത്തേതിലും മിടുപ്പോടെ.

നിറത്തിനു ഗന്ധമുണ്ടെന്നറിഞ്ഞിട്ട് നാളുകളേറെയായി,

എന്നാൽ  നിറഭേദങ്ങൾക്ക് ഒരു താപനിലയുണ്ട്.

നിശ്ചിതമായ ഒന്ന്.

ഇരുട്ടിന് തണുപ്പ് പ്രദാനം ചെയ്യുന്ന രാസപ്രക്രിയ.

ഇരുളേറ്റ് തണുക്കുന്ന നിന്റെ ശരീരത്തിൽ

ചുടുരക്തച്ചുവപ്പ് നൽകിയ വികാരം

ഇന്ന് അന്ധയാണ്.

അന്ധകാരം;

അത് നിനക്കുമാത്രം സ്വന്തം.

കാണാൻ കഴിയാത്തതിനാൽ നീ അനുഗ്രഹീതയാണ്.

ഈ ലോകത്തിന് ഒരിക്കലും നിന്റെ സ്വപ്നവർണ്ണങ്ങളെ

ഏറ്റുവാങ്ങാൻ കഴിയില്ല.

നിന്റെ വർണങ്ങൾ അവർക്ക് ഇരുട്ടാണ്.

ഇരുളിന്റെ തണുപ്പാണ്.